ലാവണ്യത്തിൻ്റെ മറുപുറം/ജി. തുളസീധരൻ ഭോപ്പാൽ

ജി. തുളസീധരൻ ഭോപ്പാൽ

എം.കെ.ഹരികുമാറിൻ്റെ ‘മയിൽപ്പീലിക്കണ്ണുകളിലൂടെ നോക്കുമ്പോൾ ‘എന്ന ലേഖനത്തിൻ്റെ വായന

മയിൽപ്പീലിക്കണ്ണുകളിലൂടെ ഈ പ്രപഞ്ചത്തെ ആദ്യമായി നോക്കിക്കാണുന്നത് കൃഷ്ണദ്വൈപായനനാണ്. തന്റെ ആശ്രമത്തിൽ വിഷ്ണുപുരാണത്തിന്റെ രചന നടക്കുന്ന അവസരത്തിലാണ് മുറ്റത്ത് പീലി വിടർത്തിയാടും മയൂഖമിഥുനങ്ങളെക്കാണുന്നത്. നൃത്തത്തിനിടെ കൊഴിഞ്ഞു വീണ മയിൽപ്പീലിത്തുണ്ടുകളുടെ അവാച്യവും വിസ്മയകരവുമായ വർണ്ണങ്ങൾ ബാദരായണനിൽ അനേകം ചിത്രങ്ങൾ വരച്ചിട്ടു. ‘കാളിന്ദിയിൽ ഗോപികമാരുമൊത്ത് രാസലീലയിൽ മതിമറന്നിരിക്കുന്ന കണ്ണനെ കാണുന്നു. ആ തിരുമുടിക്കെട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള മയിൽപ്പീലിത്തുണ്ടുകൾ തിരുകി വച്ചാലുള്ള ഭംഗിയെക്കുറിച്ചോർത്തപ്പോൾ പ്രപഞ്ചസൃഷ്ടാവായ ആ ഭഗവാന്റെ ദിവ്യരൂപം മുമ്പിൽ തന്നെ വന്നു നിന്ന് നൃത്തമാടുന്നതു ബാദരായണൻ കാണുകയാണ്.

ആ മയിൽപ്പീലിക്കണ്ണിലൂടെ പിന്നോട്ടു കുറെ സഹസ്രാബ്ദങ്ങൾ സഞ്ചരിച്ചാൽ ആദിമമനുഷ്യന്റെ ഗുഹയിലെത്താം. തന്റെ ഗുഹാജീവിതത്തിലും മയിൽപ്പീലിയുടെ വശ്യചാരുത അവനെ മോഹിപ്പിച്ചിരുന്നതായി ഗുഹാചിത്രങ്ങൾ രേഖപ്പെടുത്തുന്നു.
അതുകൊണ്ടായിരിക്കണം എം .കെ. ഇങ്ങനെ മയിൽപ്പീലിക്കണ്ണിലൂടെ
“മനുഷ്യൻ്റെയും ഇതരജീവികളുടെയും ജൈവമണ്ഡലം എങ്ങനെയാണ് സ്വാഭാവികമായ ഒരു നിഗൂഢസൗന്ദര്യത്തിൻ്റെ ആവാസ മേഖലയായിരിക്കുന്നതെന്ന് പരിശോധിക്കുന്നത് . ഒരു മയിൽ നൃത്തം ചെയ്യുമ്പോൾ പ്രപഞ്ചത്തിനു എന്തു സംഭവിക്കുന്നു ?മയിൽപ്പീലി കണ്ണുകൾ ഏത് ജാലകമാണ് തുറക്കുന്നത് ?.”

ഗീതാഗോവിന്ദത്തിന്റെ രചനയിൽ ശ്രീകൃഷ്ണൻ രാധയൊടൊത്ത് ജയദേവനെ സഹായിച്ചിരുന്നതായി ഗീതാഗോവിന്ദത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.കൃഷ്ണന്റെ തിരുമുടിക്കെട്ടിൽ രാധയെക്കൊണ്ട് മയിൽപ്പീലിത്തുണ്ടുകൾ ചാർത്തിക്കൊടുക്കുന്നു. രാസലീലക്ക് ഒരുങ്ങുന്ന എല്ലാ തോഴിമാരുടെ കൈയിലും മയിൽപ്പീലിത്തുണ്ടുകൾ കാണാം.

എന്തൊക്കെയാവും മയിൽപ്പീലി കണ്ണുകൾ നമ്മെ നോക്കുമ്പോൾ കാണുന്നത്? ദാർശനികനായ എം. കെ ഇവിടെ വന്നു പറയുന്നു: “മരണാനന്തരമായ സൗഖ്യത്തിന്റെ കോഡ് ചിറകിലൊളിപ്പിച്ച പക്ഷിയാണ് മയിൽ. അത് യാഥാർത്ഥ്യത്തെ പ്രതീതിയും കവിതയുമാക്കി ” .
അതുകൊണ്ടാവണം കൃഷ്ണദ്വൈപായനൻ മുതൽ ജയദേവനിലൂടെ ആരംഭിച്ച ലാവണ്യാർച്ചന ഇന്ന് ഗുരുവായൂർ ഗോപുരത്തിനകത്ത് എത്തി നിൽക്കുന്നത്.

ദാർശനികനായ എം. കെ സ്വയം കണ്ടെത്തുന്ന സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചയിൽ മനുഷ്യപ്രകൃതത്തിന്റെ ജൈവപരമായ മാറ്റത്തിന്റെ വിരുദ്ധഭാവങ്ങൾ കണ്ട് വിറങ്ങലിക്കുന്നു. അതുകൊണ്ടാണ് “ഒരിടത്തും ഇരിക്കാൻ പറ്റാത്ത വിധം ജ്വരബാധിതരായ മനുഷ്യർ ഇന്നലെകളെ വഞ്ചിച്ചുകൊണ്ട് സ്വയം സ്വഭാവഹത്യ ചെയ്യുന്നു. ശാരീരികമായി ജീവിതത്തിൽ ഒരിടത്തും ഒരു അനുഷ്ഠാനവ്രതമില്ല. എല്ലാം വിലകെട്ട വസ്തുക്കളായി തള്ളിക്കളഞ്ഞിരിക്കുന്നു .ആ കണ്ണുകൾ നമ്മുടെ അനുനിമിഷമുള്ള ഇല്ലാതാകലിൽ സ്തംഭിക്കുകയാണ്. വികാരപ്രകടനം നടത്താനാവാതെ മൃത്യുവിനെ നേരിടുന്ന മൃഗങ്ങളുടെ ചേഷ്ടകൾക്ക് സമാനമാണത്”
എന്ന് വിലയിരുത്തുന്നത്..

“ഗഹനതകൾ നമ്മോടു കൂടെയാണ് എപ്പോഴും .നാം കാലടികൾ വച്ച് മുന്നോട്ടു പോകുമ്പോൾ ഗഹനതയാണുണ്ടാവുക. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ കാലുകളുടെ മുന്നോട്ടുള്ള സഞ്ചാരത്തെ വിവരിച്ചത് ഓർക്കുകയാണ്. ഓരോ കാലും മുന്നോട്ടു നിങ്ങുന്നു,പരസ്പര ധാരണയിലെന്നപോലെ. ഒരു കാൽ മുന്നോട്ടെന്നപോലെ പിന്നോട്ടും പോകണം. അതൊരു താളമായിത്തീരുന്നു. ഈ താളം ഒരാഖ്യാനമാകുന്നതോടൊപ്പം ഗഹനവുമാണ് .നമ്മുടെ ലൗകികജീവിതത്തിനു കടന്നുചെല്ലാനാവാത്ത അതീതനിഗൂഢതകളിലേക്ക് കടക്കാനുള്ള കവാടങ്ങളാണോ ആ കണ്ണുകൾ ?”

എം .കെ.ഹരികുമാറിൻ്റെ  ദാർശനികമുഖം ഇത് പരിശോധിക്കുന്നു: “ജീവിതം പരമദുഃഖമാണെന്ന് പറഞ്ഞ മഹാദാർശനികനായ ഷോപ്പനോറുടെ മനോനിലയ്ക്ക് അജ്ഞാതമായ ഏതോ ഒരു പ്രതീക്ഷയല്ലേ മയിൽപ്പീലികൾ ഒരുക്കുന്നത് ?കണ്ണുള്ളവർ കാണൂ എന്ന് അത് ആഹ്വാനം ചെയ്യുന്നപോലെ തോന്നുന്നു.ആ തോന്നലിൽ എന്തെങ്കിലും കഴമ്പില്ലാതിരിക്കുമോ? എന്തിനാണ് ഇത്രയും വശ്യമായ സൗന്ദര്യം ഒരു പക്ഷിയുടെ തൂവലിൽ പ്രകൃതി ഒരുക്കിയിരിക്കുന്നത്?”.

ഭാരതീയ ദർശനമഹിമയായ വേദങ്ങളും ഉപനിഷത്തുകളും വായിച്ച് പഠിച്ചിട്ട്
ഷോപ്പനോർ അത്ഭുതപരതന്ത്രനായിപ്പോയി. മദ്ധ്യാഹ്നസൂര്യന്റെ പൊട്ടിച്ചിരിയിൽ പകച്ചുപോകാതെ ഉപനിഷത്തുകൾ തലയിൽ വച്ച് അർദ്ധനഗ്നനായി നൃത്തംചെയ്തു എന്ന് ഷോപ്പനോറിന്റെ ജീവചരിത്രകാരൻമാർ പറയുന്നു. മയിൽപ്പീലി കണ്ണിലൂടെ വേദങ്ങളെ കാണുന്നവർക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ അത്ഭുതം തന്നെ “.



ജോൺ മിൽട്ടൻ ഒരിക്കൽ മയിൽപ്പീലിക്കണ്ണിലൂടെ കണ്ട കാഴ്ച ഒരു കവിതയിൽ വിവരിക്കുന്നുണ്ട്:
“വേനൽക്കാലത്ത് വരണ്ടുണങ്ങിക്കിടക്കുന്ന ഒരു നദി മഴക്കാലത്ത് വെള്ളം നിറഞ്ഞ് ശബ്ദം പുറപ്പെടുവിച്ചകൊണ്ടൊഴുകുകയാണ്. ആ അരുവി തന്റെ പഴയ കാലം ഓർക്കുന്നില്ല. വരണ്ടുണങ്ങിക്കിടക്കുന്ന ദുഃഖകരമായ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നില്ല,ഓർമ്മിക്കുന്നില്ല. മഴക്കാലത്ത് എല്ലാം മറന്ന് സന്തോഷത്തോടെ അതിവേഗത്തിൽ അത് ഒഴുകുന്നു. ഈ അരുവിയുടെ സവിശേഷതയെന്താണ് ? മാനവകുലത്തിനു മാത്രം ലഭിച്ചിട്ടുള്ള അനുഗ്രഹീതമായ മറവി. കഴിഞ്ഞതെല്ലാം .വരൾച്ചയും വേനലും എല്ലാം. മറന്നാനന്ദിക്കുവാൻ ആ അരുവിക്ക് കഴിയുന്നു എന്ന് ആ മഹാകവി കണ്ടെത്തുന്നു” .

ഹരികുമാർ എഴുതുന്നു:
“മയിൽപ്പീലി വിടർത്താതെ ,പിന്നിലേക്ക് നീട്ടി നിവർത്തി, വാലറ്റം തറയിൽ തട്ടുന്ന രീതിയിൽ വിരിച്ചുനിർത്തുന്നത് മറ്റൊരു വിതാനമാണ്. യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു ലോകത്ത് വ്യവസ്ഥകൾ മിഥ്യയാണെന്ന സന്ദേശമാണിത്. മിലാൻ കുന്ദേര (Milan Kundera) പറഞ്ഞു ,അസുഖകരമായ ഒരു സത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടു തന്നെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന യാതൊരാളെയും ഇവിടെ കാണാനില്ല .അത് നമ്മൾ മാത്രം മനസ്സിലാക്കുന്നില്ല. തന്നിൽ നിന്നു തന്നെ ഒഴിഞ്ഞുനിൽക്കുന്നതാണ് നമ്മുടെ വിധി. മഹത്തായതെന്തോ നമ്മുടെ സമീപത്തുണ്ട്. പക്ഷേ, അത് അദൃശ്യമാണ് .അത് നമ്മെ തൊട്ടു കടന്നുപോവുകയാണോ? ശതകോടി ജീവികളിൽ വിശേഷപ്പെട്ട അറിവുകളുള്ളവ എന്തോ ജീവനിൽ തരപ്പെടുത്തുന്നു, രഹസ്യസ്വഭാവമുള്ള തരംഗങ്ങളായി.ആ സിദ്ധികൾ പ്രകൃതിയിൽ തന്നെ നഷ്ടപ്പെടുന്നു” .

മയിൽപ്പീലിക്കണ്ണിലൂടെ നമുക്ക് പാർത്ഥസാരഥി വർണ്ണനയിലെ ഒരു ഭാഗം കേൾക്കാം:
“നിരന്ന പീലികൾ
നിരക്കവേ കുത്തി
നെറുകയിൽ കൂട്ടി
ത്തിറമൊടു കെട്ടി
കരിമുകിലൊത്ത
ചികുരഭാരവും
മണികൾ മിന്നുന്ന മണിക്കിരീടവും …… “

ഹരികുമാറിൻ്റെ ലേഖനത്തിൽ നിന്ന്: “മയിൽ നൃത്തംചെയ്യുമ്പോൾ ഈ സത്യം കൂടുതൽ തെളിയുന്നുണ്ട്. ഒരിക്കൽ ചെയ്തനൃത്തം അതോർക്കുന്നില്ല .അതുകൊണ്ട് വീണ്ടും വീണ്ടും നൃത്തംചെയ്യുന്നു. ഓർമ്മയിൽനിന്ന് വീണ്ടും വീണ്ടും പുതുതാവുകയാണ് ചെയ്യുന്നത്.നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ഇങ്ങനെ ആത്മാവിൽ ദരിദ്രമാകുകയേ നിർവ്വാഹമുള്ളു. ലോകം ഉൾക്കൊള്ളാത്ത ഒരു പ്രകടനമാണത്. ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യം മയിലിൻ്റേതാണ്. അത് കാണികളെ പ്രതീക്ഷിക്കാതെ തന്നെ പീലിവിടർത്തുകയാണ്.ഏറ്റവും മനോഹരവും അതീവരഹസ്യാത്മകവുമായ ഒരു നിഗൂഢശ്രംഖല ചിറകുകളിൽ വിന്യസിച്ച് അത് ഭാവിയെക്കുറിച്ച് ,മരണാനന്തര ശാന്തിയക്കുറിച്ച് സന്ദേശം നല്കുന്നു. വാക്കുകളിലൂടെ പകരാനാവാത്ത ആ സൗന്ദര്യം മനുഷ്യനിൽ ആഘാതമാണ്; അതുകൊണ്ടുതന്നെ അവൻ അതിൻ്റെ ഉപരിതലത്തിൽ മാത്രം ഒരുങ്ങുന്നു. വായുവിൽ വാൾകൊണ്ട് വെട്ടുന്നത് സ്വാർത്ഥമാണ് ,മുറിവേല്ക്കാൻ ആരെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും, ക്ഷോഭം തീർക്കാൻ ആകാശം മതി. ശൂന്യതയിൽ കത്തിക്കയറി ഇല്ലാതാകുന്നതിനെ ജീവിതമെന്ന് വിളിക്കാമോ ?” .

എം.കെ എന്ന ദാർശനികനെ ഒരിക്കൽ കൂടി ഇവിടെ ഉദ്ധരിക്കുകയാണ് :
“മാധ്യമം തന്നെ കലയാണല്ലോ. ഒരു മാധ്യമത്തിനു അതിൻ്റെ പ്രത്യക്ഷതയിൽ ,ഘടനയിൽ ,വ്യവഹാരപ്രക്രിയയിൽ കലയായിരിക്കാതെ തരമില്ല. മയിൽ തൻ്റെ അസംബന്ധം നിറഞ്ഞ ജീവിതത്തെ പീലികൾകൊണ്ട് മറച്ച് കലയാക്കുന്നു.പുറംലോകത്തെ അതാര്യതയെ ,ശൂന്യതയെ നേരിടാനാവാതെ വരുമ്പോൾ, അത് തന്നിൽതന്നെ സ്വയം ആവിഷ്കരിച്ച് അസ്തിത്വത്തെ ലഘുവാക്കുന്നു”.

HOME

Leave a comment